Monday, 20 July 2015

രാമായണം

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .ഇംഗ്ലീഷ്:Ramayana. രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.


മഹാവിജ്ഞനും ബ്രഹ്മർഷിമാരിൽ പ്രധാനിയുമായ വാല്മീകി യുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദനോട് വാല്മീകി മഹർഷി 'ധൈര്യം, വീര്യം, ശമം, സത്യവ്രതം, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം, പ്രൗഢി, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങൾ ഒത്തുചേർന്ന ഏതെങ്കിലും മനുഷ്യൻ ഭൂമുഖത്തുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുത്തരമായി നാരദൻ മഹർഷിക്ക് രാമകഥ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നിടത്താണ്‌ രാമയണം ആരംഭിക്കുന്നത്. നാരദന്റെ അഭിപ്രായത്തിൽ ശ്രീരാമന്‌ സദൃശ്യനായി മറ്റൊരാളുണ്ടായിരുന്നില്ല.ഗാംഭീര്യത്തിൽ സമുദ്രത്തേയും സൗന്ദര്യത്തിൽ പൂർണ്ണചന്ദ്രനേയും ക്രോധത്തിൽ കാലാഗ്നിയേയും ക്ഷമയിൽ ഭൂമിദേവിയേയും രാമനു സമാനമായി അദ്ദേഹം വിവരിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്റെ പട്ടമഹിഷിയായ കൗസല്യയിൽ ഉണ്ടായ ആദ്യപുത്രനാണ്‌ രാമൻ. മറ്റുഭാര്യമാരായ സുമിത്രയിൽ ലക്ഷ്മണനെന്നും കൈകേയിൽ ഭരതനെന്നും മറ്റു പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥൻ മൂത്തപുത്രനെന്ന നിലയിൽ അനന്തരാവകാശിയായി രാമനെയാണ്‌ കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി.


തന്റെ മകൻ ഭരതൻ രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നൽകിയ വരത്തിന്റെ പിൻ‌ബലത്താൽ ഭരതനെ രാജാവാക്കണമെന്നും രാമനെ വാനപ്രസ്ഥത്തിനയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ ദശരഥപുത്രൻ പിതാവിന്റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷ്മണനോടും ഭാര്യ സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹൻ അവരെ ഗംഗ കടത്തിവിടുകയും കാട്ടിൽ വച്ച് ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചിത്രകൂടത്തിൽ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളിൽ ദശരഥൻ ചരമമടഞ്ഞു. യുവരാജാവായി ഭരണം തുടരാൻ ഭരതൻ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതൻ കാട്ടിലേക്ക് പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഭരതന്റെ അഭ്യർത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചു ചെല്ലാൻ രാമൻ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്റെ പാദുകങ്ങളെ സ്വീകരിച്ച് അത് മുൻനിർത്തി ഭരതൻ രാജ്യഭാരം നിർവഹിക്കുന്നു.



വീണ്ടും നഗരത്തിൽ നിന്ന് ആളുകൾ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട് രാമൻ കൂടുതൽ ദുർഗ്ഗമമായ ദണ്ഡകാരണ്യത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന് രാക്ഷസനെ അദ്ദേഹം വധിക്കുന്നു. അഗസ്ത്യമഹർഷിയുടെ ആശ്രമത്തിൽ നിന്ന് ദേവേന്ദ്രന്റെ വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാർക്ക് രക്ഷക്കായി രാക്ഷസന്മാരെ വധിക്കാൻ അദ്ദേഹം സഹായിക്കാമെന്നേൽകുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി ശൂർപ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്‌. രാവണൻ ശൂർപ്പണഖയുടെ ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാൽ ഇവരെയെല്ലാം രാമൻ എതിർത്ത് തോല്പിക്കുന്നു. മാരീചൻ എന്ന രാക്ഷസന്റെ മായകൊണ്ട് രാവണൻ സീതയെ അപഹരിച്ച് തന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടഞ്ഞ ജടായുവിനെ രാവണൻ വധിച്ചു.

സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാർ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹനുമാന്റെ ആഗ്രഹപ്രകാരം സുഗ്രീവനേയും അവർ പരിചയപ്പെടുത്തുന്നു. സുഗ്രീവനെ സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവൻ തന്റെ വാനരസേനയെ ഏല്പിക്കുന്നു.

വാനരപ്പടയിൽ പക്ഷിശ്രേഷ്ഠനും ജടായുവിന്റെ സഹോദരനുമായ സമ്പാതിയിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ഹനുമാൻ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച് ലങ്കയിലെത്തുന്നു. അശോകവനിയിൽ വച്ച് സീതയെ കാണുകയും രാമന്റെ വിശേഷങ്ങൾ അറിയിക്കുകയും ചെയ്ത് രാമന്റെ മുദ്രാമോതിരം കാണിച്ച് വിടവാങ്ങി വരും വഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്റെ വാലിനു തീവക്കാൻ രാവണൻ കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാൻ കൊട്ടാരത്തിനു തീ കൊടുത്ത് നേരമ്പോക്ക് നടത്തുകയും ചെയ്യുന്നു. രാവണന്റെ സേനാപതികളേയും ഇളയമകനായ അക്ഷയകുമാരനേയും ഹനുമാൻ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം വീണ്ടും തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു.


രാമൻ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് സമുദ്രതീരത്തെത്തുന്നു. സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ രാവണനെ വധിക്കുകയും തുടർന്ന് സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ രാജാവായി വാഴിച്ചശേഷം രാമൻ തിരിച്ചു പോരുന്നു. സീതയോട് രാമൻ ക്രൂരമായാണ്‌ സംസാരിച്ചത്. എന്നാൽ സീത അഗ്നിയിൽ തന്റെ വിശുദ്ധി തെളിയിച്ച് രാമന്റെ മനസ്സിനെ വിജയിക്കുന്നു.
ശ്രീരാമൻ അയോദ്ധ്യയിൽ വൻ വരവേല്പ് നൽകുകയും അദ്ദേഹം സിംഹാസനാവരോഹണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകൾ കൃതയുഗത്തിലെന്ന പോലെ മംഗളകരമായി കഴിഞ്ഞുകൂടി. രോഗങ്ങൾ, ബാലമരണം, വിധവകൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവർക്ക് ലഭിച്ചു.



No comments:

Post a Comment